കണ്ണൂർ: വോട്ടവകാശം ഏവർക്കും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാടിനു നടുവിൽ പോളിംഗ് ബൂത്തൊരുക്കി. കോളയാട് പഞ്ചായത്തിലെ കണ്ണവം വനത്തിലുള്ള പറക്കാട് ആദിവാസി ഉന്നതിയിലെ 81 വോട്ടർമാർക്കു വേണ്ടിയാണ് കാടിനുള്ളിൽ ബൂത്ത് സജ്ജമാക്കിയത്.
വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിലൂടെ 12 കിലോമീറ്റർ കാൽനടയായി പെരുവയിൽ വന്നായിരുന്നു മുൻകാലങ്ങളിൽ പറക്കാട് നിവാസികൾ വോട്ട് ചെയ്തിരുന്നത്. അല്ലെങ്കിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാടെത്തി 80 കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചു വേണമായിരുന്നു ബൂത്തിലെത്താൻ. വോട്ടർമാരുടെ ഈ ദുരവസ്ഥ മനസിലാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറക്കാട് ഉന്നതിയിൽ പ്രത്യേകമായി ബൂത്ത് അനുവദിച്ചത്.നിലവിൽ ജില്ലയിലെ ഏറ്റവും കുറവ് വോട്ടർമാരുള്ള ബൂത്താണിത്. ഉന്നതിയിലെ സാംസ്കാരിക നിലയമാണ് പോളിംഗ് ബൂത്തായി പ്രവർത്തിച്ചത്.